കല്‍പ്പറ്റ: പരിസ്ഥിതി ലോല മേഖലകള്‍ നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപനം ജനദ്രോഹപരമെന്ന് അഖിലേന്ത്യ കിസാന്‍ സഭ.
ജില്ലയിലെ 13 വില്ലേജുകളിലെ കര്‍ഷകര്‍ അടക്കമുള്ള ജനവിഭാഗം നിരവധി നിയന്ത്രണങ്ങള്‍ക്ക് വിധേയരാകേണ്ടി വരും. അത് അംഗീകരിക്കാന്‍ കഴിയില്ല. ജില്ലയിലെ 665 ചതുരശ്ര കിലോമീറ്റര്‍ ആണ് ഇഎസ്എ പരിധിയില്‍ വരുന്നത്.
ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള ഭൂപടം പ്രസിദ്ധീകരിക്കുന്നതിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ ഇടപെടലുകള്‍ ശക്തമായി ഉണ്ടാകണമെന്ന് കിസാന്‍ സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് കിസാന്‍ സഭ സൂചന സമരം എന്ന നിലയില്‍ ബത്തേരി കിടങ്ങനാട് വില്ലേജ് ഓഫിസിലേക്ക് 15ന് രാവിലെ 10ന് മാര്‍ച്ചും ധര്‍ണയും നടത്തും. രണ്ടാം ഘട്ടം എന്ന നിലയില്‍ പ്രശ്നബാധിത വില്ലേജുകളില്‍ ശക്തമായ സമരത്തിന് രൂപം നല്‍കും.
ജില്ലാ പ്രസിഡന്റ് പി.എം. ജോയ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. ശശിധരന്, ഡോ. അംബി ചിറയില്‍, കെ.പി. അസൈനാര്‍, വി. ദിനേശ് കുമാര്‍, ടി.സി. ഗോപാലന്, തൂലിക ജോര്‍ജ്, ജി. മുരളീധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.